മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സറുടെ വായടപ്പിക്കുന്ന മറുപടിയുമായി അഗ്യൂറോ

അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ വെച്ച് ലയണൽ മെസി മെക്സിക്കോ പതാകയെ അപമാനിച്ചുവെന്ന ആരോപണം വാർത്തകളിൽ ഇടം നേടിയിരുന്നു. മെക്സിക്കൻ ബോക്സറായ കാൻസലോ അൽവാരസാണ് ഇതിനു കൂടുതൽ നിറം പകർന്നത്. മെക്സിക്കോ പതാകയെ അപമാനിച്ച മെസി എവിടെ വെച്ചും എന്നെ കണ്ടുമുട്ടാതിരിക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിച്ചോളൂ എന്ന പ്രസ്താവന താരത്തിനുള്ള ഭീഷണി കൂടിയായിരുന്നു.
ഫുട്ബോൾ ലോകത്ത് ഈ സംഭവം ചർച്ചയായതോടെ മെസിക്ക് പിന്തുണയുമായി മുൻ അർജന്റീനിയൻ താരമായ സെർജിയോ അഗ്യൂറോ രംഗത്തു വന്നിട്ടുണ്ട്. വെറുതെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നു പറഞ്ഞ അഗ്യൂറോ ഫുട്ബോളിലും ലോക്കർ റൂമിലും എന്താണ് സംഭവിക്കുകയെന്ന കാര്യത്തിൽ കാൻസലോക്ക് യാതൊരു വിവരവുമില്ലെന്നും തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
“You do not know about football” – Sergio Aguero rubbishes Canelo Alvarez’s claims that Argentina captain Lionel Messi disrespected Mexico https://t.co/SbCJH9xYh6
— Sport Tweets (@TweetsOfSportUK) November 28, 2022
ഡ്രസിങ് റൂമിൽ എല്ലാ ജേഴ്സികളും നിലത്തു തന്നെയാണ് ഇടുകയെന്നും മത്സരം കഴിഞ്ഞതിനു ശേഷം വിയർപ്പുമായി വരുന്നതു കൊണ്ടാണ് അങ്ങിനെ ചെയ്യുന്നതെന്നും അഗ്യൂറോ പറഞ്ഞു. അതിനു ശേഷം ബൂട്ട് ഊരാൻ വേണ്ടി കാലുയർത്തിയപ്പോൾ മെസി അബദ്ധത്തിൽ ജേഴ്സിയിൽ ചവിട്ടിയതാണെന്നും അഗ്യൂറോ കൂട്ടിച്ചേർത്തു. കാൻസലോയുടെ ട്വീറ്റ് ഷെയർ റീട്വീറ്റ് ചെയ്താണ് അഗ്യൂറോ ഇക്കാര്യം പറഞ്ഞത്.
സംഭവ വിവാദമായെങ്കിലും ലയണൽ മെസിക്ക് ഇക്കാര്യത്തിൽ വളരെയധികം പിന്തുണ ലഭിക്കുന്നുണ്ട്. ലയണൽ മെസിയെപ്പോലൊരു താരം ഒരിക്കലും ഇങ്ങിനെ ചെയ്യാൻ മുതിരില്ലെന്നും എതിരാളികളെ എല്ലായിപ്പോഴും ബഹുമാനിക്കാറുള്ള കളിക്കാരനാണ് മെസിയെന്നും പലരും അഭിപ്രായപ്പെടുന്നു.