ഖത്തറിലെ സ്റ്റേഡിയങ്ങൾ കളിക്കാർക്ക് അസുഖമുണ്ടാകാൻ കാരണമായെന്ന് ബ്രസീലിയൻ താരം ആന്റണി

സ്വിറ്റ്സർലണ്ടിനെതിരെ നടന്ന കഴിഞ്ഞ ലോകകപ്പ് മത്സരത്തിനു മുൻപ് ബ്രസീലിയൻ ടീമിന് ആശങ്ക സൃഷ്ടിച്ച കാര്യമായിരുന്നു താരങ്ങൾക്ക് പിടിപെട്ട അസുഖങ്ങൾ. ആന്റണി, അലിസൺ, പക്വറ്റ തുടങ്ങിയ കളിക്കാർക്കെല്ലാം പനിയടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും സ്വിറ്റ്സർലണ്ടിനെതിരായ മത്സരത്തിനു മുൻപ് അവരെല്ലാം ഫിറ്റ്നസ് വീണ്ടെടുത്തു. ഇപ്പോൾ താരങ്ങൾക്ക് അസുഖം പിടിപെടാൻ ഖത്തറിലെ സ്റ്റേഡിയത്തിലെ എയർ കണ്ടീഷനിംഗ് സംവിധാനമാണ് കാരണമെന്നാണ് ബ്രസീലിയൻ താരം ആന്റണി പറയുന്നത്.
“ഞാൻ രോഗമുക്തി നേരി നൂറു ശതമാനം ഫിറ്റ്നസ് വീണ്ടെടുത്തു കൊണ്ടിരിക്കുന്നു. തൊണ്ടക്കുള്ള അസുഖമായിരുന്നു അത്, സ്റ്റേഡിയത്തിലെ എയർ കണ്ടീഷനിംഗ് സംവിധാനമാണ് അതിനു കാരണം. എനിക്ക് മാത്രമല്ല, മറ്റു താരങ്ങൾക്കും തൊണ്ടവേദനയും ചുമയുമുണ്ട്. എനിക്ക് അസുഖം അങ്ങിനെ വരാറില്ല. ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. നിങ്ങൾക്ക് ആന്റണിയെ വേണ്ടപ്പോൾ ഞാനിവിടെയുണ്ട്.” രണ്ടു മത്സരങ്ങളിലും പകരക്കാരനായി ഇറങ്ങിയ താരം പറഞ്ഞു.
Antony has claimed the air conditioning inside Qatar’s World Cup stadiums has been making him and other members of the Brazil squad ill. pic.twitter.com/W91t8zOWxr
— The Athletic | Football (@TheAthleticFC) November 29, 2022
മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ കടുത്ത ചൂടിനെ മറികടക്കാൻ വേണ്ടിയാണ് ഖത്തറിലെ സ്റ്റേഡിയങ്ങൾ എല്ലാം എയർ കണ്ടീഷനിംഗ് സംവിധാനം ഏർപ്പെടുത്തിയത്. ആദ്യമായാണ് ഒരു ലോകകപ്പിൽ എല്ലാ സ്റ്റേഡിയങ്ങളിലും എയർ കണ്ടീഷനിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്. എയർ കണ്ടീഷനിംഗ് സംവിധാനം അസുഖങ്ങൾക്ക് കാരണമാകുന്നുണ്ട് എന്ന് ആന്റണി പറയുമ്പോൾ തന്നെ അതില്ലാതിരുന്നാൽ യൂറോപ്പിൽ കളിക്കുന്ന താരങ്ങൾക്ക് ഖത്തറിലെ കനത്ത ചൂടിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയില്ലെന്ന കാര്യം ഉറപ്പാണ്.
antony says air conditioning inside qatar stadium making players sick