കലിപ്പടക്കാനാവാതെ അർജന്റീനയും ഓസ്ട്രേലിയയും, പ്രീ ക്വാർട്ടർ മത്സരത്തിനു മുൻപ് രൂക്ഷമായ വിമർശനം

ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കാനിരിക്കെ ഫിഫക്കെതിരെ വിമർശനവുമായി അർജന്റീനയും ഓസ്ട്രേലിയയും. ഗ്രൂപ്പ് ഘട്ട മത്സരം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നോക്ക്ഔട്ട് മത്സരങ്ങളും കളിക്കേണ്ടി വരുന്ന സാഹചര്യത്തെയാണ് രണ്ടു ടീമുകളും വിമർശിക്കുന്നത്. അർജന്റീനയും ഓസ്ട്രേലിയയും ബുധനാഴ്ച രാത്രിയാണ് ഗ്രൂപ്പിലെ അവസാനത്തെ മത്സരം കളിച്ചത്. ശനിയാഴ്ച രാത്രി രണ്ടു ടീമും തമ്മിലുള്ള പ്രീ ക്വാർട്ടർ പോരാട്ടം നടക്കുമെന്നിരിക്കെ രണ്ടു ദിവസം മാത്രമാണ് ടീമുകൾക്ക് തയ്യാറെടുപ്പിനുള്ള സമയമുള്ളത്.
“ഇന്നത്തെ ദിവസത്തിൽ എനിക്ക് സന്തോഷമുണ്ടെങ്കിലും അതിൽ അമിതമായി ആഹ്ലാദിക്കാൻ കഴിയില്ല. കാരണം ഗ്രൂപ്പിലെ ജേതാക്കളായിട്ടും രണ്ടു ദിവസം കഴിയുമ്പോൾ തന്നെ ഞങ്ങൾ അടുത്ത മത്സരം കളിക്കേണ്ടി വരികയെന്നത് അവിശ്വസനീയമായ കാര്യമാണ്. അതെനിക്ക് മനസിലാകുന്നേയില്ല. ഇപ്പോൾ വ്യാഴാഴ്ച്ചയായി, ഇനി രണ്ടു ദിവസം മാത്രം, അതിനു ശേഷം ഞങ്ങൾ അടുത്ത മത്സരം കളിക്കണം.” പോളണ്ടിനെതിരായ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ലയണൽ സ്കലോണി പറഞ്ഞു.
Australia and Argentina have criticised Fifa for scheduling their last-16 match only three days after their final World Cup group games, saying the short turnaround treats players like 'robots'.
Story: @emmavkemp https://t.co/EMZG5eK2VO
— Guardian sport (@guardian_sport) December 1, 2022
“ആ മത്സരത്തിനു മുൻപ് ഇന്നും നാളെയും ഒരുപാട് തയ്യാറെടുപ്പുകൾ വേണ്ടി വരും. വളരെ കുറച്ച് സമയം മാത്രമാണുള്ളത്. ഫിഫ ഇതിനെ പരിഗണിക്കണം. ഞങ്ങൾ റോബോട്ടുകളല്ല. ഞങ്ങൾ മനുഷ്യരാണ്, സുഖമായി വരാൻ സമയമെടുക്കും. ഓരോ ദിവസവും ഞങ്ങൾക്ക് കളിക്കാൻ കഴിയില്ല. അതിനിടയിൽ ഇടവേളകൾ ആവശ്യമാണ്.” മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഓസ്ട്രേലിയൻ പ്രതിരോധതാരം മീലൊസ് ഡിജിനിക്ക് പറഞ്ഞു.
ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 12.30നാണ് അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം. ശനിയാഴ്ച രാത്രി നടക്കുന്ന മറ്റൊരു പോരാട്ടത്തിൽ നെതർലൻഡ്സ് അമേരിക്കയെ നേരിട്ടും. ഈ രണ്ടു മത്സരങ്ങളിൽ വിജയം നേടുന്ന ടീമുകളാണ് ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുക.