Qatar 2022

പോളണ്ടിനെതിരായ വിജയം, കഴിഞ്ഞ ലോകകപ്പിൽ സംഭവിച്ച വലിയ പിഴവ് തിരുത്തി അർജന്റീന

ലോകകപ്പിലെ ഗ്രൂപ്പ് സിയിൽ നടന്ന നിർണായകമായ പോരാട്ടത്തിൽ പോളണ്ടിനെതിരെ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞു. ഒരു സമനില പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്ന സാഹചര്യത്തിൽ ആദ്യപകുതിയിൽ മെസി പെനാൽറ്റി നഷ്‌ടമാക്കിയിട്ടും രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വന്ന് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ജേതാക്കളായി തന്നെ പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ അർജന്റീനക്ക് കഴിഞ്ഞു. അർജന്റീനക്ക് ആറു പോയിന്റുള്ളപ്പോൾ രണ്ടാം സ്ഥാനത്തു വന്ന പോളണ്ടിന് നാല് പോയിന്റാണ് നേടാൻ കഴിഞ്ഞത്. മെക്‌സിക്കോയും നാല് പോയിന്റ് നേടിയെങ്കിലും ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ പോളണ്ട് പ്രീ ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറിയതോടെ ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനക്കാരെ പ്രീ ക്വാർട്ടറിൽ നേരിടുകയെന്ന ബുദ്ധിമുട്ട് അർജന്റീന ഒഴിവാക്കിയിട്ടുണ്ട്. ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ് ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്‌തത്‌. ഫ്രാൻസിനെ ഒഴിവാക്കിയ അർജന്റീനക്ക് ഓസ്‌ട്രേലിയയാണ് പ്രീ ക്വാർട്ടറിൽ എതിരാളികൾ. കഴിഞ്ഞ ലോകകപ്പ് കിരീടം നേടുകയും ഈ ലോകകപ്പിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്ന കെട്ടുറപ്പുള്ള സ്‌ക്വാഡ് സ്വന്തമായുള്ള ഫ്രാൻസിനെ പ്രീ ക്വാർട്ടറിൽ ഒഴിവാക്കിയതോടെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാനുള്ള സാധ്യത കൂടി അർജന്റീന വർധിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പിൽ ഗ്രൂപ്പ് ജേതാക്കളാകാൻ കഴിയാതിരുന്നത് അർജന്റീനക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. ക്രൊയേഷ്യക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് വന്നതോടെ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനെയാണ് അർജന്റീനക്ക് നേരിടേണ്ടി വന്നത്. ഫ്രാൻസിനെതിരെ ഒരു ഘട്ടത്തിൽ മുന്നിലെത്തിയെങ്കിലും പിന്നീട് ഗോളുകൾ വഴങ്ങി അർജന്റീന തോൽവി നേരിടുകയും ലോകകപ്പിൽ നിന്നും പുറത്ത് പോവുകയും ചെയ്‌തു. അതേസമയം അർജന്റീനയുടെ ഗ്രൂപ്പിൽ ജേതാക്കളായ ക്രൊയേഷ്യക്ക് താരതമ്യേനെ ദുർബലരായ എതിരാളികളെ നോക്ക്ഔട്ട് ഘട്ടങ്ങളിൽ ലഭിച്ചതിനാൽ അവർക്ക് ഫൈനൽ വരെയെത്താൻ കഴിഞ്ഞിരുന്നു. ഫൈനലിൽ ഫ്രാൻസിനോടാണ് ക്രൊയേഷ്യ കീഴടങ്ങിയത്.

കഴിഞ്ഞ ലോകകപ്പിനെ അപേക്ഷിച്ച് കൂടുതൽ മികച്ച സ്‌ക്വാഡാണ് ഈ ലോകകപ്പിൽ അർജന്റീനക്കുള്ളത്. എങ്കിലും ആദ്യത്തെ മത്സരത്തിൽ സൗദി അറേബ്യയോട് തോൽവി നേരിട്ടാണ് അവർ ടൂർണമെന്റ് ആരംഭിച്ചത്. മുപ്പത്തിയാറ് മത്സരങ്ങളിൽ തോൽവി നേരിടാതെ അമിത ആത്മവിശ്വാസവുമായി വന്ന അർജന്റീനക്ക് ആ തോൽവി തിരിച്ചറിവ് നൽകിയെന്നതിൽ സംശയമില്ല. പിഴവുകൾ തിരുത്തിയ ടീം പിന്നീടുള്ള രണ്ടു മത്സരങ്ങളിലും മികച്ച വിജയമാണ് സ്വന്തമാക്കിയത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button