ജീവന്മരണ പോരാട്ടത്തിന് അർജന്റീന, ടീമിൽ നിരവധി മാറ്റങ്ങളുണ്ടാകും

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ജീവന്മരണ പോരാട്ടത്തിന് അർജന്റീന ഇന്നിറങ്ങുന്നു. ആദ്യത്തെ മത്സരത്തിൽ തോൽവി നേരിട്ട അർജന്റീനക്ക് ഇന്നത്തെ മത്സരത്തിൽ മെക്സിക്കോയാണ് എതിരാളികൾ. അർജന്റീനിയൻ പരിശീലകനായ ടാറ്റ മാർട്ടിനോ നയിക്കുന്ന ടീം ആദ്യത്തെ മത്സരത്തിൽ സമനില വഴങ്ങിയതിനാൽ അവർക്കും വിജയം അനിവാര്യമാണ്. അർജന്റീനക്ക് എന്നും തലവേദന സൃഷ്ടിക്കാറുള്ള ടീമാണ് മെക്സിക്കോയെന്നത് മെസിക്കും സംഘത്തിനും ആശങ്ക സൃഷ്ടിക്കുന്നു.
അതേസമയം ഇന്നത്തെ മത്സരത്തിനിറങ്ങുന്ന ടീമിൽ സൗദി അറേബ്യക്കെതിരെ ഇറങ്ങിയ ഇലവനിൽ നിന്നും നിരവധി മാറ്റങ്ങളുണ്ടാകും. അർജന്റീനിയൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുലിന്റെ റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധനിരയിലും മധ്യനിരയിലുമാണ് മാറ്റങ്ങളുണ്ടാവുക. പ്രതിരോധനിരയിൽ മൂന്നും മധ്യനിരയിൽ രണ്ടും താരങ്ങളെ മാറ്റിയാവും അർജന്റീന ആദ്യ ഇലവൻ ഇറക്കുക.
രണ്ടു ഫുൾ ബാക്കുകളെയും ഒരു സെന്റർ ബാക്കിനെയും സ്കലോണി മെക്സിക്കോക്കെതിരെ മാറ്റാൻ സാധ്യതയുണ്ട്. റൈറ്റ്ബാക്കായ മോളിനക്കു പകരം ഗോൺസാലോ മോണ്ടിയലും ലെഫ്റ്റ് ബാക്കായ ടാഗ്ലിയാഫിക്കോക്ക് പകരം മാർക്കോസ് അക്യൂനയും സെന്റർ ബാക്കായ ക്രിസ്റ്റ്യൻ റൊമേറോക്ക് പകരം ലിസാൻഡ്രോ മാർട്ടിനസും കളത്തിലിറങ്ങും.
Argentina possible XI, several changes to the team for World Cup match. https://t.co/1tTxsjikyT pic.twitter.com/vPbGAihpVK
— Roy Nemer (@RoyNemer) November 25, 2022
മധ്യനിരയിലും പ്രധാനപ്പെട്ട മാറ്റങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡ് സ്ഥാനത്ത് ലിയാൻഡ്രോ പരഡെസിനു പകരം റയൽ ബെറ്റിസ് താരം ഗുയ്ഡോ റോഡ്രിഗസ് ഇറങ്ങും. ഇതിനു പുറമെ പപ്പു ഗോമസിനു പകരം എൻസോ ഫെർണാണ്ടസ് അല്ലെങ്കിൽ മാക് അലിസ്റ്റർ കളിക്കും. മുന്നേറ്റനിരയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല.
അർജന്റീന സാധ്യത ഇലവൻ: എമിലിയാനോ മാർട്ടിനസ്, ഗോൺസാലോ മോണ്ടിയൽ, നിക്കോളാസ് ഒട്ടമെൻഡി, ലിസാൻഡ്രോ മാർട്ടിനസ്, മാർക്കോസ് അക്യൂന, ഗുയ്ഡോ റോഡ്രിഗസ്, മാക് അലിസ്റ്റർ/എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, ലയണൽ മെസി, ഏഞ്ചൽ ഡി മരിയ, ലൗടാരോ മാർട്ടിനസ്.