ഗോളിലേക്കൊരു ഷോട്ടടിക്കാൻ സമ്മതിച്ചിട്ടില്ല, എതിരാളികൾക്കു മുന്നിൽ പ്രതിരോധമതിൽ കെട്ടി ബ്രസീൽ

ലോകകപ്പിൽ ഇന്നലെ നടന്ന മത്സരത്തിലും വിജയം നേടിയതോടെ ബ്രസീൽ നോക്ക്ഔട്ട് റൗണ്ടിൽ കടക്കുകയുണ്ടായി. സ്വിറ്റ്സർലണ്ടിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീൽ വിജയം നേടിയത്. ബ്രസീലിന്റെ ആക്രമണനിരക്കെതിരെ സ്വിസ് പ്രതിരോധം എൺപതു മിനുട്ടിലധികം പിടിച്ചു നിന്നെങ്കിലും കസമീറോയുടെ തകർപ്പനൊരു വോളി ഒടുവിൽ കാനറികളെ നോക്ക്ഔട്ടിലെത്തിക്കുകയായിരുന്നു.
രണ്ടു മത്സരം കളിച്ച ബ്രസീലിന്റെ പ്രകടനത്തിൽ എടുത്തു പറയേണ്ടത് ഈ ലോകകപ്പിൽ ഒരു ഗോൾ പോലും വഴങ്ങാതെ നോക്ക്ഔട്ടിലെത്തിയ ആദ്യത്തെ ടീമായി അവർ മാറിയെന്നതാണ്. ഗോൾ വഴങ്ങാതിരിക്കുക മാത്രമല്ല, ഈ രണ്ടു മത്സരങ്ങളിൽ ഗോളിലേക്ക് ഒരു ഷോട്ട് പോലും ബ്രസീൽ നേരിടുകയുണ്ടായിട്ടില്ല. 1998 ലോകകപ്പിൽ ഫ്രാൻസിന് ശേഷം ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഗോളിലേക്ക് ഒരു ഷോട്ട് പോലും നേരിടാത്ത ആദ്യത്തെ ടീം കൂടിയാണ്.
0 – #Brazil 🇧🇷 have become in just the second nation to not face a single shot on target in their first two #WorldCup games in a single edition after France in 1998 (2 games) since 1966. Unbreakable. pic.twitter.com/wPpJWlmedh
— OptaJose (@OptaJose) November 28, 2022
മുപ്പത്തിയെട്ടുകാരനായ ചെൽസി താരം തിയാഗോ സിൽവയും പിഎസ്ജി താരം മാർക്വിന്യോസുമാണ് ചെൽസി പ്രതിരോധത്തിന്റെ ഹൃദയമായി പ്രവർത്തിക്കുന്നത്. ഇടതുവിങ് ബാക്കായി അലക്സ് സാൻഡ്രോ രണ്ടു മത്സരത്തിലും ഇറങ്ങിയപ്പോൾ റൈറ്റ് വിങ് ബാക്കായി ആദ്യത്തെ മത്സരത്തിൽ ഡാനിലോയും രണ്ടാമത്തെ മത്സരത്തിൽ എഡർ മിലിറ്റാവോയുമാണ് കളിക്കുന്നത്. താരങ്ങൾ മാറുമ്പോഴും കെട്ടുറപ്പോടെ തന്നെ ബ്രസീൽ ഡിഫൻസ് നിൽക്കുന്നു.
ബ്രസീൽ പ്രതിരോധത്തിലെ മറ്റൊരു നിർണായക സാന്നിധ്യം മധ്യനിര താരമായ കസമീറോയാണ്. ആക്രമണനിര കുതിച്ചു മുന്നേറുമ്പോൾ ഡിഫെൻസിൽ ഉണ്ടാകുന്ന വിടവുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നത് താരമാണ്. അതിനു പുറമെ നിർണായക ഘട്ടങ്ങളിൽ ടീമിന്റെ ഗോൾ നേടാനും താരത്തിനായി. എല്ലാ പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളുണ്ടെന്നതു തന്നെയാണ് ബ്രസീലിന്റെ ഏറ്റവും വലിയ നേട്ടം.
സുശക്തമായ ആക്രമണനിരയുള്ളെ ബ്രസീലിന്റെ പ്രതിരോധവും മികച്ച പ്രകടനം നടത്തുന്നത് ടീമിനു കൂടുതൽ ശക്തി പകരുന്നു. ഈ ലോകകപ്പ് വിജയിക്കാനുളള എല്ലാ മികവും തങ്ങൾക്കുണ്ടെന്നു തന്നെയാണ് ഓരോ മത്സരത്തിലൂടെയും ബ്രസീൽ തെളിയിക്കുന്നത്.