“ആരാണതു നേടിയതെന്നതിൽ കാര്യമില്ല”- പോർച്ചുഗലിന്റെ ആദ്യഗോളിനെക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്

യുറുഗ്വായ്ക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ പോർച്ചുഗൽ നേടിയ ആദ്യത്തെ ഗോൾ ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ പന്തിനായി റൊണാൾഡോ ഉയർന്നു ചാടിയപ്പോൾ താരത്തിന്റെ തലയിൽ കൊള്ളാതെ തന്നെ പന്ത് വലക്കകത്തേക്ക് കയറുകയായിരുന്നു. ആദ്യം റൊണാൾഡോക്കാണ് ഗോൾ നൽകിയതെങ്കിലും പിന്നീടത് ബ്രൂണോ ഫെർണാണ്ടസാണ് നേടിയതെന്ന് ഫിഫ കണ്ടെത്തി പ്രഖ്യാപിച്ചതോടെ ഇക്കാര്യം സോഷ്യൽ മീഡിയയിൽ ചർച്ചകൾക്കും ട്രോളുകൾക്കും കാരണമായി.
അതേസമയം ആ ഗോൾ ആരാണ് നേടിയതെന്നു കാര്യമാക്കുന്നില്ലെന്നാണ് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസ് മത്സരത്തിനു ശേഷം പ്രതികരിച്ചത്. ഗോൾ കണ്ടപ്പോൾ റൊണാൾഡോ അതിൽ സ്പർശിച്ചുവെന്ന് തനിക്ക് തോന്നിയെന്നും എന്നാൽ ഗോൾ ആരാണ് നേടിയത് എന്നതിലുപരിയായി ടീമിന്റെ വിജയമാണ് ഏറ്റവും പ്രധാനമെന്നും താരം പറഞ്ഞു. ഒരു കടുത്ത എതിരാളിക്കെതിരെ പോർച്ചുഗൽ വിജയം നേടിയതിലും അടുത്ത റൗണ്ടിലേക്ക് അപരാജിതരായി മുന്നേറിയതിലും വളരെയധികം സന്തോഷമുണ്ടെന്നും ബ്രൂണോ ഫെർണാണ്ടസ് കൂട്ടിച്ചേർത്തു.
🇵🇹 Bruno Fernandes: "The important thing for us was to win the match and get out of the group. It doesn't matter who scored the goal. Me or Cristiano. It doesn't matter." pic.twitter.com/tfeRkGkRaV
— M•A•J (@Ultra_Suristic) November 28, 2022
മത്സരത്തിൽ പോർച്ചുഗലിന്റെ രണ്ടു ഗോളുകളും നേടിയത് ബ്രൂണോ ഫെർണാണ്ടസ് ആയിരുന്നു. ദൗർഭാഗ്യം കൊണ്ട് മാത്രമാണ് താരത്തിന് ഹാട്രിക്ക് നേട്ടം സ്വന്തമാക്കാൻ കഴിയാതെ വന്നത്. അവസാന മിനിറ്റുകളിൽ താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലടിച്ചു പുറത്തു വന്നിരുന്നു. കഴിഞ്ഞ മത്സരത്തിൽ ടീമിനായി രണ്ട് അസിസ്റ്റുകൾ കുറിച്ച താരം ഇന്നലത്തെ മത്സരത്തിൽ രണ്ടു ഗോളുകളും നേടി ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണെന്ന് തെളിയിച്ചു കഴിഞ്ഞു. രണ്ടു മത്സരങ്ങളിലെ പ്രകടനം കൊണ്ട് ലോകകപ്പ് നേടാൻ തങ്ങൾക്ക് കരുത്തുണ്ടെന്ന് തെളിയിക്കാനും പോർച്ചുഗൽ ടീമിനായി.