പ്രതിരോധക്കോട്ട കെട്ടാൻ മാത്രമല്ല, എതിർപ്രതിരോധത്തെ ഇടിച്ചു നിരത്താനുമറിയുന്ന ബ്രസീലിയൻ പാറ്റൺ ടാങ്ക്

പ്രധാന താരമായ നെയ്മർ ഇല്ലാതെ ഇറങ്ങിയ ബ്രസീലിന് സ്വിറ്റ്സർലണ്ടിനെതിരെ നടന്ന മത്സരത്തിൽ സെർബിയക്കെതിരെ നടത്തിയതു പോലെ തുടക്കം മുതൽ ഒടുക്കം വരെ ആക്രമിച്ചു കളിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പ്രകടനം തന്നെയാണ് കാനറികൾ പുറത്തെടുത്തത്. എങ്കിലും എൺപത്തിമൂന്നാം മിനുട്ടു വരെ ഗോൾ നേടാൻ കഴിയാതിരുന്ന ടീമിന് ഒടുവിൽ ഡിഫൻസീവ് മിഡ്ഫീൽഡറായ കാസമേറോയുടെ മികച്ചൊരു ഹാഫ് വോളിയാണ് ലീഡ് നേടിക്കൊടുത്തത്. മികച്ച അവസരങ്ങൾ അതിനു മുൻപും പിന്നീടും ലഭിച്ചത് മുതലാക്കാൻ കഴിയാതിരുന്ന ടീം ഒരു ഗോൾ വിജയം നേടിയതോടെ നോക്ക്ഔട്ട് റൗണ്ടിലേക്കും യോഗ്യത നേടി.
ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർ ആരാണെന്ന ചോദ്യത്തിന് ഒന്നു ചിന്തിക്കുക പോലും ചെയ്യാതെ പറയാൻ കഴിയുന്ന ഉത്തരമാണ് കസമീറോ എന്ന്. മുഴുവൻ സമയവും ആക്രമണത്തിലൂന്നി കളിക്കുന്ന ബ്രസീലിന്റെ പ്രതിരോധത്തിൽ ഉണ്ടാകുന്ന വിടവുകൾ കൃത്യമായി അടക്കുന്നത് താരമാണ്. എന്നാൽ പ്രതിരോധത്തെ സഹായിക്കാൻ മാത്രമല്ല വേണ്ടി വന്നാൽ എതിർടീമിന്റെ പ്രതിരോധത്തെ തകർക്കുന്ന ഗോൾ നേടാൻ കഴിയുമെന്നും താരം തെളിയിച്ചു. ഇന്നത്തെ മത്സരത്തിൽ ബ്രസീലിന്റെ ഒരേയൊരു ഗോൾ നേടാൻ കസമീറോ നടത്തിയ നീക്കം അതിമനോഹരവുമായിരുന്നു.
Casemiro's stunning goal for Brazil.
That's my DM!! 👑 🇧🇷 pic.twitter.com/9v1PcSchl7
— UtdFaithfuls (@UtdFaithfuls) November 28, 2022
ഇടതു വിങ്ങിൽ വിനീഷ്യസ് പന്തുമായി വരുമ്പോൾ ബോക്സിനു പുറത്ത് റോഡ്രിഗോ നിൽക്കുന്നുണ്ടായിരുന്നു. വിനീഷ്യസിന്റെ അടുത്ത പാസ് റോഡ്രിഗോക്കായിരിക്കുമെന്ന് മനസിലാക്കിയ താരം ഉടൻ തന്നെ റോഡ്രിഗോയുടെ പിന്നിൽ നിന്നും ബോക്സിനുള്ളിലെ സ്പേസിലേക്ക് നീങ്ങി. ആ നീക്കം മനസിലാക്കിയ റോഡ്രിഗോ വിനീഷ്യസ് നൽകിയ പന്ത് ഒരു വൺ ടച്ച് പാസിലൂടെ കസമീറോക്ക് നൽകി. ഒന്നു കുതിയുയർന്നു തന്നിലേക്കു വന്ന പന്ത് ഒട്ടും സമയം പാഴാക്കാതെ ഒരു മിന്നൽ ഷോട്ടിലൂടെ കസമീറോ വലക്കുള്ളിലേക്ക് പായിക്കുമ്പോൾ സ്വിസ് പ്രതിരോധത്തിനും ഗോൾകീപ്പർക്കും അത് നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.
A gentle reminder that the world's best DM, Casemiro, plays for Manchester United 👑 🇧🇷 pic.twitter.com/V6xrPoYwvD
— UtdFaithfuls (@UtdFaithfuls) November 28, 2022
റയൽ മാഡ്രിഡിലും ബ്രസീലിലും വളരെക്കാലമായി തന്റെ പൊസിഷന് ഇളക്കം തട്ടാതെ കാത്തു സൂക്ഷിച്ച താരമാണ് കസമീറോ. മത്സരത്തിന്റെ ഗതി മനസിലാക്കി അതിനെ വഴിതിരിച്ചു വിടാനുള്ള ബുദ്ധികൂർമത തന്നെയാണ് താരത്തിന്റെ കൈമുതൽ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതിനു ശേഷം ടീമുമായി ഒത്തിണക്കം സ്ഥാപിക്കാൻ കഴിയാതിരുന്ന താരത്തിന്റെ ഫോം നഷ്ടപ്പെട്ടുവെന്നു വിധിയെഴുതിയ പലർക്കും പിന്നീട് മറുപടി നൽകാൻ കസമീറോക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ ലോകകപ്പിലും താരം അതാവർത്തിച്ചു കൊണ്ടിരിക്കുകയാണ്.