പന്തു തൊടുമ്പോഴെല്ലാം കൂക്കിവിളിച്ചു, ലോകകപ്പ് സ്ക്വാഡിലെത്തിയപ്പോൾ വിമർശനം; ഡാനി ആൽവസ് ഇന്ന് ചരിത്രം കുറിക്കാൻ തയ്യാറെടുക്കുന്നു

കഴിഞ്ഞ ഓഗസ്റ്റിൽ ബ്രസീൽ ടീമിന്റെ ടെക്നിക്കൽ കമ്മിറ്റിയിലെ ചിലർ മെക്സിക്കൻ ക്ലബായ പ്യൂമസിന്റെ മത്സരം കാണാൻ പോയിരുന്നു. ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം ആലോചിക്കാൻ വേണ്ടി വെറ്ററൻ താരമായ ഡാനി ആൽവസിന്റെ പ്രകടനം കാണുകയെന്നതായിരുന്നു അവരുടെ ഉദ്ദേശം. സാന്റോസ് ലെഗുനയോട് പ്യൂമസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽവി വഴങ്ങിയ ആ മത്സരത്തിൽ മധ്യനിരയിൽ കളിച്ച ഡാനി ആൽവസ് പന്ത് തൊടുമ്പോഴെല്ലാം ആരാധകർ കൂക്കിവിളിയോടെയാണ് സ്വീകരിച്ചത്. അതിനാൽ തന്നെ ലോകകപ്പ് ടീമിൽ താരത്തെ ഉൾപ്പെടുത്തണോയെന്ന കാര്യത്തിൽ ആശങ്കകൾ ഉണ്ടായിരുന്നു.
ലോകകപ്പിന് രണ്ടു മാസം മുൻപേ പ്യൂമസിലെ കളി നിർത്തിയ ഡാനി ആൽവസ് പിന്നീട് ബാഴ്സലോണയുടെ ബി ടീമിനൊപ്പമാണ് ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനം നടത്തിയത്. ലോകകപ്പിനു മുൻപ് താരത്തിന്റെ പരിശീലനം കാണാനെത്തിയവർക്ക് ഒന്നു മാത്രമേ അറിയേണ്ടിയിരുന്നുള്ളൂ. ഡാനി ആൽവസിനു വേണ്ടത്ര ഫിറ്റ്നസ് ഉണ്ടോയെന്നത്. അതുണ്ടെന്നു മനസ്സിലാക്കിയതോടെ താരത്തെയും ലോകകപ്പ് സ്ക്വാഡിൽ ടിറ്റെ ഉൾപ്പെടുത്തി. മുപ്പത്തിയൊമ്പതു വയസുള്ള, ഇപ്പോൾ പഴയ ഫോമിന്റെ നിഴലിലുള്ള ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്തിയതിന് നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും ഡാനി ആൽവസ് എന്ന താരത്തെക്കാൾ ഡാനി ആൽവസ് എന്ന ലീഡർ ടീമിന് എത്രത്തോളം ആവശ്യമാണെന്ന് ബ്രസീൽ പരിശീലകന് അറിയാമായിരുന്നു.
Dani Alves is almost 40. He hasn’t played in months and when he was his every touch was booed in Mexico. His call up polarised opinion. But today he will captain his country and become the oldest Brazilian to play at a World Cup. https://t.co/aQSGtsxvva
— James Horncastle (@JamesHorncastle) December 2, 2022
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യത്തെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് മുന്നേറിയിട്ടുണ്ട്. സെർബിയക്കും സ്വിറ്റ്സർലണ്ടിനും എതിരെയുള്ള മത്സരങ്ങളിൽ നേടിയ വിജയം നോക്ക്ഔട്ടിലെത്തിച്ച അവർക്ക് ഇന്നത്തെ മത്സരത്തിൽ കാമറൂണിനെതിരെ ഒരു സമനിലയെങ്കിലും സ്വന്തമാക്കാൻ കഴിഞ്ഞാൽ ഗ്രൂപ്പിൽ ജേതാക്കളാകാൻ കഴിയും. നിർണായകമല്ലാത്ത മത്സരമല്ലാത്തതിനാൽ തന്നെ ടീമിൽ നിരവധി മാറ്റങ്ങൾ വരുത്താൻ ടിറ്റെ പദ്ധതിയിട്ടിട്ടുണ്ട്. അങ്ങിനെയെങ്കിൽ ഡാനി ആൽവസും ഇന്ന് ബ്രസീലിനായി ആദ്യ ഇലവനിലുണ്ടാകും. ഡാനി ആൽവസ് ഇറങ്ങിയാൽ ടീമിന്റെ നായകനാകും എന്നുറപ്പുള്ളതിനാൽ ലോകകപ്പിൽ ബ്രസീലിന്റെ നായകനാകുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന നേട്ടം കൂടിയാണ് താരത്തെ കാത്തിരിക്കുന്നത്.
Dani Alves to become Brazil's oldest World Cup captain in clash with Cameroon #BRA #FIFAWorldCup https://t.co/7SgojogaHI
— talkSPORT (@talkSPORT) December 1, 2022
നിരവധി മികച്ച കളിക്കാറുണ്ടെങ്കിൽ മാത്രം ഒരു ടീമിനും വിജയങ്ങൾ നേടാൻ കഴിയില്ലെന്ന് ഈ ലോകകപ്പിൽ തന്നെ പല ടീമുകളും തെളിയിച്ചു കഴിഞ്ഞതാണ്. തന്ത്രങ്ങൾ മെനയാൻ ഒരു പരിശീലകനും അവരെ ആത്മവിശ്വാസത്തോടെ മുന്നോട്ടു നയിക്കാൻ ഒരു നായകനും ഓരോ ടീമിനും ആവശ്യമാണ്. ബ്രസീൽ ടീമിൽ ഈ സ്ഥാനമാണ് ഡാനി വഹിക്കുന്നത്. മുതിർന്ന താരങ്ങളായാലും ചെറുപ്പക്കാരായ താരങ്ങളായാലും അവരെ ഒരുമിച്ചു നിർത്താനും ആത്മവിശ്വാസം നൽകാനും താരത്തിന് കഴിയുന്നു. പ്രായം കാലുകളെ തളർത്തിയതിനാൽ നിരവധി വിമര്ശനങ്ങളിലൂടെ കടന്നു വന്നെങ്കിലും കാമറൂണിനെതിരെ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച ഫുൾ ബാക്കുകളിൽ ഒരാളായ താരത്തിന് മറുപടി നൽകാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.