മൂന്നു വാരിയെല്ലുകൾക്ക് തകരാറ്, പോർച്ചുഗൽ സൂപ്പർതാരത്തിന് ലോകകപ്പ് മത്സരങ്ങൾ നഷ്ടമാകും

ഖത്തർ ലോകകപ്പിൽ അടുത്ത മത്സരത്തിനായി തയ്യാറെടുക്കുന്ന പോർച്ചുഗൽ ടീമിന് തിരിച്ചടി നൽകി ടീമിലെ സൂപ്പർതാരത്തിന് വരാനിരിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ സെന്റർ ബാക്കായി ഇറങ്ങിയ പിഎസ്ജി താരം ഡാനിലോ പെരേരക്കാണ് ഗ്രൂപ്പിലെ മത്സരങ്ങൾ നഷ്ടമാവുക. മുപ്പത്തിയൊന്നു വയസുള്ള താരത്തിന്റെ പരിശീലനത്തിനിടെ വാരിയെല്ലുകൾക്ക് തകരാറു സംഭവിച്ചുവെന്ന് പോർച്ചുഗലിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
യുറുഗ്വായ്, സൗത്ത് കൊറിയ എന്നീ ടീമുകൾക്കെതിരായ മത്സരങ്ങളാണ് ഡാനിലോ പെരേരക്ക് നഷ്ടമാവുക. ഇതോടെ താരത്തിന് പകരം വെറ്ററൻ താരമായ പെപ്പെ അല്ലെങ്കിൽ ബെൻഫിക്ക പ്രതിരോധതാരം അന്റോണിയോ സിൽവ എന്നിവരാണ് ഇറങ്ങാൻ സാധ്യതയുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഡാനിലോ പെരേരക്ക് മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും ഗ്രൂപ്പ് മത്സരങ്ങൾ നഷ്ടമായാൽ മഞ്ഞക്കാർഡിനു ഫലത്തിൽ സാധുതയുണ്ടാകില്ല. നോക്ക്ഔട്ട് മത്സരത്തിൽ മഞ്ഞക്കാർഡിന്റെ ബാധ്യതയില്ലാത്ത താരത്തിന് ഇറങ്ങാൻ കഴിയും.
🚨 | Danilo Pereira is OUT of the rest of the group stage for Portugal.
He has fractured three ribs. pic.twitter.com/4Tt9BL1nuv
— Próxima Jornada (@ProximaJornada1) November 27, 2022
കഴിഞ്ഞ മത്സരത്തിൽ ഘാനക്കെതിരെ ഇറങ്ങിയ പോർച്ചുഗൽ ഒന്നു വിയർത്തെങ്കിലും രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയം നേടുകയുണ്ടായി. യുറുഗ്വായ്ക്കെതിരെ കൂടി വിജയിച്ചാൽ പോർച്ചുഗലിന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ കഴിയും. അത് തന്നെയായിരിക്കും അവർ ലക്ഷ്യമിടുന്നതും. അതേസമയം ആദ്യത്തെ മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ സമനില വഴങ്ങിയ യുറുഗ്വായ്ക്കും അടുത്ത മത്സരത്തിൽ വിജയം അനിവാര്യമായ കാര്യമാണ്.