ആ ഗോളാഘോഷം നടത്തിയാൽ അവൻ പിന്നെ മൈതാനം കാണില്ല, സ്പെയിൻ താരത്തിന് എൻറിക്വയുടെ മുന്നറിയിപ്പ്

ദുർബലരായ കോസ്റ്ററിക്കക്കെതിരെയാണെങ്കിലും ലോകകപ്പിലെ ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്ക് വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി അടുത്ത മത്സരത്തിൽ ജർമനിയെ നേരിടാൻ ഒരുങ്ങുകയാണ് സ്പെയിൻ. അതേസമയം കഴിഞ്ഞ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ, തന്റെ മകളുടെ കാമുകൻ കൂടിയായ ഫെറൻ ടോറസിന് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്. മത്സരത്തിൽ ഗോൾ നേടിയാൽ പുറത്തെടുക്കുന്ന സെലിബ്രെഷനുമായി ബന്ധപ്പെട്ടാണ് ഫെറൻടോറസിന് തമാശ രൂപത്തിൽ എൻറിക് മുന്നറിയിപ്പ് നൽകിയത്.
മത്സരത്തിൽ ഗോൾ നേടിയാൽ തള്ളവിരൽ കുടിക്കുന്ന തരത്തിലുള്ള സെലെബ്രെഷൻ ഫെറൻ ടോറസ് പുറത്തെടുക്കരുത് എന്നാണു ലൂയിസ് എന്റിക് പറയുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് ഈ സെലിബ്രേഷൻ സമർപ്പിക്കുന്നത് എന്നതിനാലാണ് ഫെറൻ ടോറസിന് തമാശരൂപത്തിൽ എൻറിക് മുന്നറിയിപ്പ് നൽകിയത്. അങ്ങിനെയൊരു ഗോളാഘോഷം നടത്തിയാൽ ഉടനെ തന്നെ ഫെറൻ ടോറസിനെ പിൻവലിച്ച് ബെഞ്ചിൽ തിരുത്തുമെന്നും പിന്നീടൊരിക്കലും താരം ഫുട്ബോൾ കളത്തിലേക്ക് ഇറങ്ങില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കേ എൻറിക് പറഞ്ഞു.
Luis Enrique: "If Ferran scores and he sucks his thumb to celebrate, I'm taking him out of the pitch immediately. That guy won’t ever step foot in a stadium again. I don't like jokes." pic.twitter.com/LVMXU7Qrhu
— Barça Universal (@BarcaUniversal) November 25, 2022
സ്വന്തം മകളുടെ കാമുകൻ കൂടിയായ ഫെറൻ ടോറസുമായി മികച്ച ബന്ധമാണ് ലൂയിസ് എൻറിക്കിനുള്ളത്. വിങ്ങിൽ കളിച്ചിരുന്ന താരമായ ഫെറൻ ടോറസിനെ മികച്ച സ്ട്രൈക്കർമാരുടെ അഭാവമുള്ള സ്പെയിൻ ടീമിന്റെ സ്ട്രൈക്കർ പൊസിഷനിലേക്ക് മാറ്റിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ രണ്ടു ഗോളുകൾ നേടി ലോകകപ്പിലെ തുടക്കം ഗംഭീരമാക്കാൻ താരത്തിന് കഴിയുകയും ചെയ്തു.