ജർമനിയോട് പകരം വീട്ടാൻ ബാഴ്സ താരങ്ങൾ, ജർമനി വിജയിച്ചാൽ ഗ്രൂപ്പ് ഇ മരണഗ്രൂപ്പ്

ലോകകപ്പ് ഗ്രൂപ്പ് ഇയിൽ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ സ്പെയിനും ജർമനിയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിനു ക്ലബ് തലത്തിൽ ബാഴ്സയും ബയേണും തമ്മിലുള്ള മത്സരത്തിന്റെ സ്വഭാവം കൂടിയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ജർമനിക്ക് വേണ്ടി ഇറങ്ങിയ ടീമിൽ അഞ്ചു താരങ്ങൾ ബയേൺ മ്യൂണിക്കിൽ നിന്നുമുള്ളതായിരുന്നു. അതേസമയം കോസ്റ്റാറിക്കക്കെതിരെ ഇറങ്ങിയ സ്പെയിൻ ടീമിലുള്ള അഞ്ചു താരങ്ങൾ ബാഴ്സയിൽ നിന്നുമുള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിൽ ജർമനിയെ കീഴടക്കുക സ്പെയിനിലെ ബാഴ്സലോണ താരങ്ങൾക്ക് അഭിമാനത്തിന്റെ കൂടി പ്രശ്നമാണ്.
ക്ലബ് തലത്തിൽ ബയേൺ മ്യൂണിക്കിൽ നിന്നും കനത്ത തോൽവികളാണ് സമീപകാലത്ത് ബാഴ്സലോണ ഏറ്റു വാങ്ങിയിരിക്കുന്നത്. ഈ സീസണിലും കഴിഞ്ഞ സീസണിലും ബാഴ്സലോണയെ യൂറോപ്പ ലീഗിലേക്ക് പറഞ്ഞു വിടുന്നതിൽ ബയേൺ മ്യൂണിക്കിനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങിയ തോൽവികൾ വലിയ പങ്കു വഹിച്ചിരുന്നു. അതുകൊണ്ടു തന്നെ ബയേൺ താരമായ മുള്ളർ ബാഴ്സക്കെതിരെ പരിഹാസം നടത്തുകയും ചെയ്തിട്ടുണ്ട്. മുള്ളർ ജർമനിയുടെ പ്രധാനതാരമായതിനാൽ തന്നെ പ്രതികാരം ചെയ്യാൻ ബാഴ്സ താരങ്ങൾക്ക് ആഗ്രഹമുണ്ടാകും.
Wednesday: Japan shock Germany, Spain smash Costa Rica.
Today: Japan lose to Costa Rica.
Group E is wide open 😧 pic.twitter.com/QnO9qAfDgl
— B/R Football (@brfootball) November 27, 2022
ഇന്നത്തെ മത്സരത്തിൽ ജർമനിയോട് വിജയിക്കാൻ കഴിഞ്ഞാൽ അത് മധുരപ്രതികാരം തന്നെയാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്പെയിൻ വിജയം നേടിയാൽ അത് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തു പോകാനുള്ള സാധ്യതകൾ വർധിപ്പിക്കും. എന്നാൽ ജപ്പാനെതിരെ കോസ്റ്റാറിക്ക വിജയം നേടിയതോടെ ഇന്നത്തെ മത്സരത്തിൽ തോറ്റാലും അവസാനത്തെ മത്സരത്തിലെ ഫലമാകും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിർണയിക്കുക എന്നത് ജർമനിക്ക് ആശ്വാസമാണ്. അവസാനത്തെ മത്സരത്തിൽ സ്പെയിൻ ജപ്പാനോട് വിജയിക്കുകയും ജർമനി കോസ്റ്റാറിക്കയെ മികച്ച മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ ജർമനിക്ക് മുന്നേറാൻ കഴിയും.
ജർമനിയെ സംബന്ധിച്ച് ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങാതിരിക്കാൻ തന്നെയാവും അവർ ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ ജപ്പാനെതിരെ മികച്ച പ്രകടനം നടത്തിയെങ്കിലും തോൽവി നേരിട്ടത് അവർക്ക് തിരിച്ചടിയാണ്. അതേസമയം എതിരില്ലാത്ത ഏഴു ഗോളുകൾക്ക് കോസ്റ്ററിക്കയെ കീഴടക്കിയാണ് സ്പെയിൻ ഇന്നത്തെ മത്സരത്തിനായി എത്തുന്നത്. സ്പെയിനിന്റെ പൊസഷൻ ഗെയിമിനെ മറികടന്ന് ജർമനിക്ക് വിജയിക്കാൻ കഴിഞ്ഞാൽ ഗ്രൂപ്പ് ഇ കൂടുതൽ ആവേശകരമാകും. എല്ലാ ടീമിനും മൂന്നു പോയിന്റുള്ള ഗ്രൂപ്പിൽ ആരൊക്കെ മുന്നേറുമെന്നറിയാൻ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരും.