Qatar 2022

ഖത്തർ ലോകകപ്പിലെ ആദ്യത്തെ ചുവപ്പുകാർഡ് പിറന്ന മത്സരത്തിൽ ഇറാന് വിജയം

ഖത്തർ ലോകകപ്പിലെ ആദ്യത്തെ ചുവപ്പുകാർഡ് പിറന്ന മത്സരത്തിൽ വെയിൽസിനെ കീഴടക്കി ഏഷ്യൻ ശക്തികളായ ഇറാന് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഇറാൻ വിജയം നേടിയ മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത് ഇഞ്ചുറി ടൈമിലായിരുന്നു. എൺപത്തിയാറാം മിനുട്ടിൽ വെയിൽസ്‌ ഗോൾകീപ്പർ വെയ്ൻ ഹെന്നസി ചുവപ്പുകാർഡ് നേടി പുറത്തു പോയതാണ് മത്സരത്തിൽ ഇറാൻ വിജയം നേടാൻ നിർണായകമായത്.

ഗാരെത് ബേൽ അടക്കമുള്ള താരങ്ങൾ അണിനിരന്ന വെയിൽസിനെതിരെ ഇറാന് വ്യക്തമായ മുൻ‌തൂക്കം ഉണ്ടായിരുന്നു. ആദ്യപകുതിയുടെ പതിനാറാം മിനുട്ടിൽ തന്നെ അവർ ഒരു ഗോൾ നേടിയെങ്കിലും നേരിയ വ്യത്യാസത്തിൽ അത് ഓഫ്‌സൈഡായി പോയത് തിരിച്ചടിയായി. രണ്ടാം പകുതിയിൽ ഒന്നുകൂടി ആക്രമണം കനപ്പിച്ച അവരുടെ രണ്ടു ഷോട്ടുകൾ ഏതാനും സെക്കന്റുകളുടെ ഇടവേളയിൽ പോസ്റ്റിൽ തട്ടി തെറിച്ചു പോകുന്നതും കണ്ടും.

എൺപത്തിയാറാം മിനുട്ടിലാണ് മത്സരത്തിൽ നിർണായകമായ റെഡ് കാർഡ് പിറക്കുന്നത്. ഒരു ലോങ്ങ് പാസ് പിടിച്ചെടുക്കാൻ ഇറാൻ താരം വിജയിച്ചപ്പോൾ അതു തടുക്കാൻ ഓടിയെത്തിയ ഹെന്നസി താരത്തിന്റെ മുഖത്ത് കാലു കൊണ്ടിടിക്കുകയായിരുന്നു. റഫറി ആദ്യം മഞ്ഞക്കാർഡാണ്‌ നൽകിയതെങ്കിലും അതിനു ശേഷം വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് അതു ചുവപ്പു കാർഡാക്കി.

പത്തു പേരായി ചുരുങ്ങിയ വെയിൽസിനെതിരെ ആക്രമണം ശക്തമാക്കിയ ഇറാൻ തൊണ്ണൂറ്റിയെട്ടാം മിനുട്ടിൽ ചേഷ്‌മിയുടെ ബോക്‌സിനു പുറത്തു നിന്നുള്ള ഷോട്ടിലൂടെയാണ് ഗോൾ നേടുന്നത്. ഇതിനു മറുപടി നൽകാൻ വെയിൽസ്‌ ശ്രമിക്കുന്നതിനിടെ ഒരു പ്രത്യാക്രമണത്തിൽ നിന്നും റാമിൻ റീസെയീനിലൂടെ ഇറാൻ രണ്ടാമത്തെ ഗോളും നേടി. ഒരു യൂറോപ്യൻ ടീമിനെതിരെ ഇറാൻ നേടുന്ന ആദ്യത്തെ വിജയം കൂടിയാണിത്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button