ഫ്രാൻസിന് ഇരട്ടി കരുത്തേകാൻ ബെൻസിമ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്തും

ലോകകപ്പിനു മുൻപ് പരിക്കു മൂലം നിരവധി താരങ്ങളെ നഷ്ടമായ ടീമായി വലിയ തിരിച്ചടികൾ ഏറ്റു വാങ്ങിയ ടീമാണ് ഫ്രാൻസ്. ആദ്യ മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ ടീമിന്റെ [പ്രധാന സ്ട്രൈക്കർ കരിം ബെൻസിമ ഫ്രാൻസ് ടീമിൽ നിന്നും പുറത്തു പോയത്. ബെൻസിമക്ക് പകരക്കാരനെ ടീമിലുൾപ്പെടുത്താൻ അവസരമുണ്ടായിരുന്നെങ്കിലും പരിശീലകൻ ദിദിയർ ദെഷാംപ്സ് അതിനു തയ്യാറായില്ല. പകരക്കാരനെ വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുകയായിരുന്നു അദ്ദേഹം.
ദെഷാംപ്സിന്റെ ആ തീരുമാനം ഫ്രാൻസ് ടീമിന് ഗുണം ചെയ്തുവെന്നാണ് കരുതേണ്ടത്. ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടു ചെയ്യുന്നത് ടൂർണമെന്റിന്റെ ഇടയിൽ കരിം ബെൻസിമക്ക് ഫ്രഞ്ച് ടീമിനൊപ്പം ചേരാൻ കഴിയുമെന്നാണ്. താരത്തിന്റെ പരിക്ക് ഭേദമാകാൻ സമയമെടുക്കുമെന്ന് കരുതിയിരുന്നെങ്കിലും ബെൻസിമ അതിൽ നിന്നും വിചാരിച്ചതിലും നേരത്തെ മുക്തി നേടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ ആഴ്ചയുടെ മധ്യത്തിൽ റയൽ മാഡ്രിഡ് താരം ടീമിനൊപ്പം പരിശീലനം നടത്തുമെന്ന് മാഡ്രിഡിൽ നിന്നുള്ള മാധ്യമങ്ങളും വെളിപ്പെടുത്തുന്നു.
🚨 Karim Benzema could resume full training as early as Thursday with Real Madrid.
He is still officially part of the French squad list, so in theory, he could return to the World Cup in Qatar.
✍️ @carlitosonda #FRA | #FIFAWorldCup pic.twitter.com/z55b3p5mdV
— Football Tweet ⚽ (@Football__Tweet) November 28, 2022
ലോകകപ്പ് ടീമിലുണ്ടായിരുന്ന താരത്തിന് പകരക്കാരനായി ഒരാളെയും ഉൾപ്പെടുത്താത്ത സാഹചര്യത്തിൽ ഇപ്പോഴും സ്ക്വാഡിന്റെ ഭാഗമാണ് കരിം ബെൻസിമ. അതിനാൽ തന്നെ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ഫ്രാൻസ് ലോകകപ്പ് നേടിയാൽ വിജയികൾക്കുള്ള മെഡൽ ബെൻസിമക്ക് ലഭിക്കുമായിരുന്നു. ഇപ്പോൾ താരം ടീമിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ ഫ്രാൻസിന് കൂടുതൽ സന്തോഷം നൽകുന്നതാണ്. നിലവിൽ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഫ്രാൻസിന് കരിം ബെൻസിമ കൂടിയെത്തിയാൽ അത് ഇരട്ടി കരുത്താകും.