കളിച്ചത് ഹൃദയം കൊണ്ട്, അർജന്റീനയുടെ വിജയത്തിൽ നിർണായക സാന്നിധ്യമായി ലിസാൻഡ്രോ മാർട്ടിനസ്

നിർണായകമായ ലോകകപ്പ് മത്സരത്തിൽ മെക്സിക്കോക്കെതിരെ അർജന്റീന വിജയം നേടാൻ സഹായിച്ചത് ലയണൽ മെസി, എൻസോ മാർട്ടിനസ് എന്നീ താരങ്ങളുടെ ഗോളുകളായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായതിനാൽ തന്നെ മത്സരം വിജയിക്കുമ്പോൾ മെസിയിലേക്ക് ശ്രദ്ധ പോകുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനൊപ്പം തന്നെ അർജന്റീനയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ച മറ്റൊരു താരമാണ് ക്രിസ്റ്റ്യൻ റൊമേരോക്ക് പകരം ആദ്യ ഇലവനിൽ ഇടം പിടിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനസ്.
ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ താരത്തിൽ പലരും സംശയം പ്രകടിപ്പിച്ചു എങ്കിലും അതിനെയെല്ലാം ഇല്ലാതാക്കി ആരാധകരുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. ഇന്നലെ നടന്ന മത്സരത്തിലും സമാനമായ സംഭവം തന്നെയാണ് ഉണ്ടായത്. അർജന്റീന ജേഴ്സിയിൽ തന്റെ മുഴുവൻ ആത്മാർത്ഥതയും പുറത്തെടുത്ത താരം ഹൃദയം കൊണ്ടാണ് മത്സരം കളിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഹിർവിങ് ലോസാനോയുടെ ഒരു കിക്ക് ശ്രമം തല കൊണ്ട് തടയാൻ ശ്രമിച്ച് പരിക്കേറ്റത് അതിന്റെ തെളിവാണ്. അതിനു ശേഷവും മത്സരത്തിൽ തുടർന്ന താരം ടീമിനായി അവസാനം വരെ തന്റെ മുഴുവൻ ഊർജ്ജവും നൽകി.
Lisandro Martinez’s game by numbers vs. Mexico:
100% tackles won
86% pass accuracy
66 touches
47 passes completed
4 clearances
2 ground duels won
1 aerial duel won
1 interceptionAnother day, another clean sheet. 😮💨 pic.twitter.com/2e93cogedW
— Statman Dave (@StatmanDave) November 26, 2022
മത്സരത്തിൽ മാർട്ടിനസിന്റെ കണക്കുകൾ എടുത്താലും താരത്തിന്റെ മികവ് കാണാൻ കഴിയും. നൂറു ശതമാനം ടാക്കിളുകളും വിജയിച്ച താരം 86 ശതമാനം പാസുകളും കൃത്യമായി പൂർത്തിയാക്കി. നാല് ക്ലിയറൻസുകളും രണ്ടു ഗ്രൗണ്ട് ഡുവൽസും ഒരു ഏരിയൽ ഡുവൽസും വിജയിച്ച താരം ഒരു ഇന്റർസെപ്ഷനും നടത്തി അർജന്റീനക്ക് ഒരു ക്ലീൻ ഷീറ്റ് നേടിക്കൊടുക്കാനും നിർണായകമായ പങ്കാണ് വഹിച്ചത്. മെക്സിക്കൻ ആക്രമണങ്ങളുടെ മുനയൊടിക്കാൻ താരത്തിന്റെ പോരാട്ടവീര്യം കൃത്യതയും വളരെയധികം സഹായിച്ചുവെന്നതിൽ സംശയമില്ല.
മത്സരത്തിനു ശേഷം നിരവധി പേരാണ് ലിസാൻഡ്രോ മാർട്ടിനസിന്റെ പ്രകടനത്തെ പ്രശംസിച്ചത്. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അർജന്റീന യുവതാരം അലസാന്ദ്രോ ഗർനാച്ചോയുമെല്ലാം അതിലുൾപ്പെടുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും താരത്തെ പ്രശംസ കൊണ്ടു മൂടുന്നുണ്ട്. ഇതോടെ അടുത്ത മത്സരത്തിലും ആദ്യ ഇലവനിൽ ലിസാൻഡ്രോ മാർട്ടിനസ് ഇടം നേടാനുള്ള സാധ്യതയുണ്ട്.