വെടിച്ചില്ലു പോലൊരു കിക്ക്, ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ നേടി മെക്സിക്കോ താരം

സൗദി അറേബ്യക്കെതിരായ മത്സരത്തിൽ നിർണായകമായ വിജയം സ്വന്തമാക്കിയെങ്കിലും ഗ്രൂപ്പ് സിയിൽ നിന്നും പ്രീ ക്വാർട്ടറിലേക്ക് മുന്നേറാൻ മെക്സിക്കോക്ക് കഴിഞ്ഞില്ല. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടി പോയിന്റ് നിലയിൽ പോളണ്ടിന്റെ കൂടെയെത്തിയെങ്കിലും നേരിയ ഗോൾ വ്യത്യാസത്തിൽ മെക്സിക്കോയെ ലെവൻഡോസ്കിയും സംഘവും മറികടക്കുകയായിരുന്നു. പോളണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ രണ്ടു ഗോൾ നേടുകയും രണ്ടു ഗോൾ വഴങ്ങുകയും ചെയ്തപ്പോൾ മെക്സിക്കോ രണ്ടു ഗോൾ നേടി മൂന്നു ഗോൾ വഴങ്ങിയതാണ് അവർക്കു തിരിച്ചടി നൽകിയത്.
Luis Chavez eres un crack https://t.co/JwOwmhfyTI pic.twitter.com/B44pniEd5r
— lachitooo (@lachopaps) December 1, 2022
എന്നാൽ മത്സരത്തിൽ മെക്സിക്കൻ താരം ഹ്യൂഗോ ചാവേസ് നേടിയ ഗോൾ ആരാധകർക്ക് മറക്കാൻ കഴിയാത്ത അനുഭവമാണ് നൽകിയത്. ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ ഏറ്റവും മികച്ചതെന്നു കരുതാവുന്ന ഗോൾ ടൂർണമെന്റിലെ ബെസ്റ്റ് ഗോളിനുള്ള പുരസ്കാരം നേടാനുള്ള സാധ്യതയുണ്ട്. അൻപത്തിരണ്ടാം മിനുട്ടിൽ മുപ്പതു വാര അകലെ നിന്നും താരമെടുത്ത ഫ്രീ കിക്ക് ഗോൾകീപ്പര്ക്ക് യാതൊരു അവസരവും നൽകാതെ പോസ്റ്റിന്റെ മൂലയിലൂടെ ഉള്ളിലേക്ക് കയറുകയായിരുന്നു. ഒരു പെർഫെക്റ്റ് ഫ്രീ കിക്ക് എന്നു തന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ഗോളാണ് മെക്സിക്കൻ ലീഗിൽ പാച്ചുകയുടെ താരമായ ചാവേസ് നേടിയത്.
The speed on this free-kick by Luis Chávez is a pure joke! #MEX pic.twitter.com/V6aYaZfeE8
— EuroFoot (@eurofootcom) November 30, 2022
ഖത്തർ ലോകകപ്പിലെ രണ്ടാമത്തെ മാത്രം ഫ്രീ കിക്ക് ഗോൾ കൂടിയായിരുന്നു അത്. ഇംഗ്ലണ്ട് താരം മാർക്കസ് റാഷ്ഫോഡ് വെയിൽസിനെതിരെ നേടിയ ഗോളാണ് ആദ്യത്തെ ഫ്രീ കിക്ക് ഗോളായി കണക്കാക്കപ്പെടുന്നത്. നേരത്തെ ബെൽജിയത്തിനെതിരെ മൊറോക്കോ താരം സാബിറി നേടിയ ഗോളാണ് ആദ്യത്തെ ഫ്രീ കിക്ക് ഗോളായി പറഞ്ഞിരുന്നതെങ്കിലും അതിൽ മറ്റൊരു മൊറോക്കോ താരമായ റോമൻ സൈസിന്റെ ടച്ച് ഉള്ളതിനാൽ ഫിഫയത് തിരുത്തി നൽകിയിരുന്നു. എന്തായാലും പിറന്ന ഫ്രീകിക്ക് ഗോളുകളിൽ ഏറ്റവും മികച്ചത് ഇത് തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.