ബെൽജിയം പുറത്തായതിന്റെ രോഷത്തിൽ ഡഗ്ഔട്ട് വിൻഡോ അടിച്ചു തകർത്ത് ലുക്കാക്കു

അവസാനം വരെ പൊരുതിയെങ്കിലും ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ നിന്നുള്ള പുറത്തു പോകൽ ഒഴിവാക്കാൻ ബെൽജിയത്തിനു കഴിഞ്ഞില്ല. ക്രൊയേഷ്യക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടിയിരുന്നെങ്കിൽ പ്രീ ക്വാർട്ടറിൽ എത്താൻ ബെൽജിയത്തിനു കഴിയുമായിരുന്നെങ്കിലും മത്സരത്തിൽ സമനില വഴങ്ങിയതാണ് റെഡ് ഡെവിൾസിനു തിരിച്ചടി നൽകിയത്. ഗ്രൂപ്പിൽ ഏഴു പോയിന്റുമായി മൊറോക്കോ ജേതാക്കളായപ്പോൾ അഞ്ചു പോയിന്റുമായി ക്രൊയേഷ്യയാണ് രണ്ടാം സ്ഥാനക്കാരായത്. നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തെത്താനേ ബെൽജിയത്തിനു കഴിഞ്ഞുള്ളു.
മത്സരത്തിന് ശേഷം ടീമിന്റെ പ്രധാന സ്ട്രൈക്കറായ റൊമേലു ലുക്കാക്കു ചെയ്ത പ്രവൃത്തിയാണിപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മത്സരത്തിൽ സമനില വഴങ്ങി തന്റെ ടീം ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ പുറത്തു പോയതിനു പിന്നാലെ മൈതാനത്തു നിന്നും കയറിപ്പോകുമ്പോൾ താരങ്ങൾ ഇരിക്കുന്ന ഡഗ് ഔട്ടിന്റെ വിൻഡോ ഒറ്റയടിക്ക് അടിച്ചു തകർത്താണ് താരം പോയത്. താരത്തിന്റെ ഇടിയിൽ ഡഗ്ഔട്ടിന്റെ ചില്ലുകൾ പൊളിഞ്ഞു വീഴുകയും ചെയ്തു. ഇതിനു ലുക്കാക്കുവിനെതിരെ നടപടി വരുമോയെന്നറിയില്ല.
Unlucky Lukaku finally hits the target🎯 pic.twitter.com/NbAiv5PQO4
— ⚽️442oons⚽️ (@442oons) December 1, 2022
ബെൽജിയം വിജയം നേടാതിരിക്കാൻ ലുക്കാക്കുവും കാരണമായി എന്നതാണ് ഇതിലെ വിചിത്രമായ കാര്യം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ താരം മൂന്നു സുവർണാവസരങ്ങളാണ് തുലച്ചു കളഞ്ഞത്. താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് പുറത്തു പോവുകയും ചെയ്തു. പരിക്ക് മൂലം കുറേക്കാലമായി പുറത്തിരുന്നതിനു ശേഷം ആദ്യമായി കളിക്കുന്ന മത്സരമായിരുന്നെങ്കിൽ പോലും ഇത്രയും മികച്ച അവസരങ്ങൾ നിർണായകമായ ഒരു കളിയിൽ നഷ്ടപെടുത്തിയ താരത്തിനെതിരെ ആരാധകർ വിമർശനം നടത്തുന്നുണ്ട്.