പ്രതീക്ഷ നൽകിയ ഇക്വഡോർ പുറത്ത്, ഗ്രൂപ്പ് എയിലെ ചിത്രം തെളിഞ്ഞു

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ ചിത്രം തെളിഞ്ഞു. ഇന്നു നടന്ന അവസാന റൗണ്ട് മത്സരങ്ങളിൽ നെതർലൻഡ്സും ഖത്തറും തമ്മിലും ഇക്വഡോറും സെനഗലും തമ്മിലാണ് പോരാടിയത്. ഖത്തറിനെതിരെ ഹോളണ്ട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കും ഇക്വഡോറിനെതിരെ സെനഗൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും വിജയിച്ചതോടെ ഈ രണ്ടു ടീമുകളും ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിലേക്ക് മുന്നേറി.
ഖത്തറിനെതിരെ കോഡി ഗാക്പോ, ഫ്രേങ്കീ ഡി ജോംഗ് എന്നിവർ നേടിയ ഗോളിലാണ് നെതർലാൻഡ്സ് വിജയം നേടിയത്. ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മൂന്നു മത്സരങ്ങളിലും ഗാക്പോ ഓരോ ഗോൾ വീതം നേടിയിരുന്നു. മൂന്നു മത്സരങ്ങളിൽ രണ്ടു ജയവും ഒരു സമനിലയുമടക്കം ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഹോളണ്ട് ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നത്.
Netherlands and Senegal top Group A as the two countries spots in the Round of 16! 🇳🇱🇸🇳 #Qatar2022 | #FIFAWorldCup pic.twitter.com/PrmNFvaYsL
— Road to 2022 (@roadto2022en) November 29, 2022
ആദ്യത്തെ മത്സരത്തിൽ വിജയം നേടുകയും ഹോളണ്ടിനെതിരെ സമനില നേടുകയും ചെയ്ത ഇക്വഡോർ പ്രതീക്ഷ നൽകിയെങ്കിലും നിർണായക പോരാട്ടത്തിൽ അവർ ആഫ്രിക്കൻ കരുത്തിനു മുന്നിൽ തോൽവി വഴങ്ങുകയായിരുന്നു. സെനഗൽ മുന്നിലെത്തിയ മത്സരത്തിൽ ഇക്വഡോർ സമനില നേടിയെങ്കിലും അതിന്റെ തൊട്ടടുത്ത മിനുറ്റിൽ നായകൻ കൂളിബാളി നേടിയ ഗോളിലാണ് ആഫ്രിക്കൻ ടീം വിജയം നേടിയത്.
സെനഗലിനായി ആദ്യത്തെ ഗോൾ നേടിയത് ഇസ്മൈലിയ സാർ ആണ്. മൊയ്സസ് കൈസെഡോ ഇക്വഡോറിനെ ഒപ്പമെത്തിച്ചെങ്കിലും വിജയം നേടാൻ അവർക്ക് കഴിഞ്ഞില്ല. എങ്കിലും ഉദ്ഘാടന മത്സരത്തിലെ രണ്ടു ഗോളടക്കം ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു ഗോളുകൾ നേടിയ നായകൻ എന്നർ വലൻസിയ ഫുട്ബാൾ ആരാധകർ എന്നെന്നും ഓർത്തിരിക്കുന്ന പേരായി മാറും.