നിരാശയിൽ നിന്നും കൈപിടിച്ചുയർത്തി ദൈവപുത്രൻ, കരച്ചിലടക്കാൻ പാടുപെട്ട് അർജന്റീന സഹപരിശീലനും മെസിയുടെ ആരാധനാപാത്രവുമായ അയ്മർ

അർജന്റീനയുടെ മത്സരം കണ്ട ഓരോ ആരാധകനും രോമാഞ്ചമുണ്ടാക്കുന്ന നിമിഷമാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലയണൽ മെസി സമ്മാനിച്ചത്. ഈ മത്സരത്തിൽ അർജന്റീന വിജയിക്കാൻ സാധ്യതയില്ലെന്ന തോന്നലിൽ നിന്നും കളിയുടെ ഗതിമാറി തകർപ്പനൊരു ഷോട്ടിലൂടെ മത്സരത്തിലെ ആദ്യത്തെ ഗോൾ മെസി നേടിയപ്പോൾ ഓരോ ആരാധകനും അത് വൈകാരികമായ നിമിഷമായിരുന്നു. നിരാശയുടെ പടുകുഴിയിൽ ആഴ്ന്നു പോകുന്ന ആരാധകരെ കൈപിടിച്ചുയർത്തുന്ന ദൈവമായി തന്നെയാണ് മെസി ആ ഗോളിലൂടെ അവതരിച്ചത്.
ലയണൽ മെസിയുടെ ആ ഗോൾ വൈകാരികമായ അനുഭവം സമ്മാനിച്ചത് ആരാധകർക്ക് മാത്രമല്ല. അർജന്റീന സഹപരിശീലകനും മെസിയുടെ ബാല്യകാലത്തെ ആരാധനാ കഥാപാത്രവുമായിരുന്ന പാബ്ലോ അയ്മർക്കും സമാനമായ അനുഭവം തന്നെയാണ് ആ ഗോൾ സമ്മാനിച്ചത്. ആ ഗോൾ പിറന്നതോടെ സൈഡ് ബെഞ്ചിലിരുന്ന് മുഖം പൊത്തി തന്റെ വൈകാരികതയും കണ്ണീരും അടക്കാൻ പാടുപെടുന്ന മുൻ വലൻസിയ താരത്തെയാണ് കാണുന്നത്. ലയണൽ സ്കലോണി എന്തൊക്കെയോ ചെവിയിൽ നിർത്താതെ പറയുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ മെസിയുടെ ഗോൾ സമ്മാനിച്ച വൈകാരികതയിൽ തന്നെ നിൽക്കുകയായിരുന്നു അയ്മർ.
Qué tipo querible es Pablo Aimar y mucho más después de la reacción que tuvo en el gol de Messi. pic.twitter.com/FQyDNJg72I
— Leandro Aguilera (@Tato_Aguilera) November 26, 2022
മത്സരത്തിലെ വിജയം അർജന്റീനയെ സംബന്ധിച്ച് വലിയൊരു ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. അടുത്ത മത്സരത്തിൽ പോളണ്ടിനെയാണു അർജന്റീന നേരിടേണ്ടത്. അതിൽ വിജയം നേടിയാൽ അവർക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി തന്നെ നോക്ക്ഔട്ട് റൗണ്ടിൽ എത്താൻ അവസരമുണ്ടാകും. എന്നാൽ അർജന്റീനയെ തോൽപ്പിച്ച സൗദിയെ കീഴടക്കി നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പോളണ്ട് കടുത്ത മത്സരം തന്നെയാകും അർജന്റീനക്ക് സമ്മാനിക്കുക.