ആ ഗോൾ താനാണ് നേടിയതെന്ന് റൊണാൾഡോ സന്ദേശം അയച്ചിരുന്നുവെന്ന് പിയേഴ്സ് മോർഗൻ

യുറുഗ്വായ്ക്കെതിരെ പോർച്ചുഗൽ നേടിയ ആദ്യത്തെ ഗോളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. റൊണാൾഡോയാണ് ഗോൾ നേടിയതെന്നാണ് ഏവരും ആദ്യം കരുതിയതെങ്കിലും അത് പിന്നീട് ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളാണെന്ന് ഫിഫ സ്ഥിരീകരിച്ചു. എന്നാൽ മത്സരത്തിൽ പോർച്ചുഗൽ വിജയം നേടി നോക്ക്ഔട്ട് റൗണ്ടിലേക്ക് കടന്നിട്ടും ആ ഗോൾ സംബന്ധിച്ച ചർച്ചകൾ തീർന്നിട്ടില്ല.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച റൊണാൾഡോയുടെ അഭിമുഖം നടത്തിയ പിയേഴ്സ് മോർഗനാണ് ആ ഗോൾ സംബന്ധിച്ച പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആ ഗോൾ തന്റേതാണെന്നും ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ പാസിൽ പന്ത് തന്റെ തലയിൽ കൊണ്ടുവെന്നും റൊണാൾഡോ തന്നോട് പറഞ്ഞുവെന്നാണ് പിയേഴ്സ് മോർഗൻ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. ബ്രൂണോയും അതംഗീകരിച്ചുവെന്നും അദ്ദേഹം പറയുന്നു. ഗോൾ തന്റേതാണെന്ന് റൊണാൾഡോക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് ഇതു വെളിപ്പെടുത്തുന്നു.
Ronaldo confirmed to me that his head touched the ball. Even Bruno agrees. https://t.co/8HfWHjSj6D
— Piers Morgan (@piersmorgan) November 29, 2022
അതിനിടയിൽ ആ ഗോൾ റൊണാൾഡോയുടെതാണെന്നു സ്ഥിരീകരിക്കാൻ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ അപ്പീൽ നൽകുമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഗോൾ റൊണാൾഡോയുടെ പേരിലായാൽ താരത്തിന്റെ പേരിൽ പല റെക്കോർഡുകളും കുറിക്കപ്പെടും. എന്നാൽ ടീം വിജയം നേടിയ ഗോൾ തന്റെ പേരിലാക്കാനുള്ള ഈ ശ്രമം താരത്തിനു നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നതിൽ സംശയമില്ല.