ഒരൊറ്റ ഗോൾ തലവര മാറ്റി, അർജന്റീന താരത്തെ യൂറോപ്പിലെ വമ്പൻമാർക്ക് വേണം

മെക്സിക്കോക്കെതിരെ നടന്ന കഴിഞ്ഞ ലോകകപ്പ് മത്സരത്തിൽ പകരക്കാരനായിറങ്ങി ഗോൾ നേടിയ എൻസോ ഫെർണാണ്ടസ് വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബോക്സിന്റെ വശത്തു നിൽക്കുകയായിരുന്ന താരം ലയണൽ മെസിയിൽ നിന്നും പന്ത് സ്വീകരിച്ചതിനു ശേഷം ഒരു ചലനത്തിലൂടെ പ്രതിരോധതാരത്തെ മുന്നിൽ നിന്നും മാറ്റി അപ്പോൾ ലഭിച്ച സ്പേസിലൂടെ പന്ത് വലയിലേക്ക് തിരിച്ചു വിടുകയായിരുന്നു. കാണികളെ കോരിത്തരിപ്പിച്ച ഗോളാണ് ഇരുപത്തിയൊന്നുകാരനായ താരം നേടിയത്.
ഈ സീസണിൽ ബെൻഫിക്കക്കു വേണ്ടി മികച്ച പ്രകടനം നടത്തി യൂറോപ്പിലെ ക്ലബുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് എൻസോ ഫെർണാണ്ടസ്. ഇപ്പോൾ അർജന്റീനക്കായി നടത്തുന്ന പ്രകടനം റയൽ മാഡ്രിഡിനു താരത്തിൽ താത്പര്യമുണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബൊറൂസിയ ഡോർട്മുണ്ടിൽ കളിക്കുന്ന ജൂഡ് ബെല്ലിങ്ഹാമിനെ ലഭിച്ചില്ലെങ്കിൽ അതിനു പകരം എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നതെന്നും വാർത്തകൾ വ്യക്തമാക്കുന്നു.
🚨💣 Real Madrid came close to signing Enzo Fernandez before and he’s now back on the club’s radar. The player convinces Real Madrid’s leaders. @marca pic.twitter.com/0C762E5lrT
— Madrid Xtra (@MadridXtra) November 29, 2022
റിവർപ്ളേറ്റിൽ നിന്നും ജൂലൈയിലാണ് എൻസോ ഫെർണാണ്ടസ് ബെൻഫിക്കയിലേക്ക് ചേക്കേറിയത്. വെറും മൂന്നു മാസം യൂറോപ്പിൽ കളിച്ച താരം ലോകകപ്പ് ടീമിലെത്തുകയും തന്റെ ആദ്യ ഇന്റർനാഷണൽ ഗോൾ ലോകകപ്പിൽ നേടുകയും ചെയ്തു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻ തുകയുടെ ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ കാത്തു നിൽക്കാൻ സാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.