ഫിഫ റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാർ, സൂപ്പർതാരങ്ങളുണ്ടായിട്ടും ബെൽജിയത്തിനു പിഴച്ചതെവിടെ

ഖത്തർ ലോകകപ്പിൽ നിന്നുള്ള ബെൽജിയം ഫുട്ബോൾ ടീമിന്റെ പുറത്താകൽ ഫുട്ബോൾ ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു. ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായി എത്തിയ ടീമിൽ കെവിൻ ഡി ബ്രൂയ്ൻ, റൊമേലു ലുക്കാക്കു, ഈഡൻ ഹസാർഡ്, തിബോ ക്വാർട്ടുവ തുടങ്ങി നിരവധി സൂപ്പർതാരങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും അവർക്ക് ഗ്രൂപ്പ് ഘട്ടം കടക്കാനായില്ല. ആദ്യത്തെ മത്സരത്തിൽ കാനഡക്കെതിരെ വിജയം നേടി പ്രതീക്ഷ നൽകിയെങ്കിലും മൊറോക്കോക്കെതിരെ തോൽവിയും ക്രൊയേഷ്യക്കെതിരായ അവസാന മത്സരത്തിലെ സമനിലയുമാണ് ടീമിന് പുറത്തേക്കുള്ള വഴി തുറന്നത്.
ലോകകപ്പ് നേടാൻ സാധ്യതയുണ്ടെന്നു പലരും പറഞ്ഞ ടീമിലൊന്നായിരുന്നു ബെൽജിയം എങ്കിലും ടൂർണമെന്റിലെ അവരുടെ പ്രകടനം അതിനെ സാധൂകരിക്കുന്ന ഒന്നായിരുന്നില്ല. ലോകകപ്പിനു മുൻപ് നടന്ന സൗഹൃദ മത്സരത്തിൽ തോൽവി വഴങ്ങിയപ്പോൾ തെന്നെ ഇതിന്റെ സൂചനകൾ ടീം നൽകിയിരുന്നു. വളരെക്കാലമായി ഒരുമിച്ചു കളിക്കുന്ന നിരവധി താരങ്ങൾ അടങ്ങിയ ടീമിൽ പ്രായം കൂടിയ കളിക്കാരാണ് ഏറെയുള്ളതെന്നത് ബെൽജിയത്തിന്റെ പ്രകടനം മോശമാകാനുള്ള ഒരു കാരണമായി വിലയിരുത്താം. ടീമിലെ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയ്ൻ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു.
Belgium's golden generation ends with no World Cup trophy 💔🇧🇪 pic.twitter.com/www8UFZvAE
— ESPN FC (@ESPNFC) December 1, 2022
തിബോ ക്വാർട്ടുവ, സൈമൺ മിനൂലെറ്റ്, ടോബി ആൽഡർവീൽഡ്, യാൻ വെർട്ടോഗൻ, തോമസ് മുനിയർ. ആക്സൽ വിറ്റ്സൽ, കെവിൻ ഡി ബ്രൂയ്ൻ, ഈഡൻ ഹസാർഡ്, ഡ്രൈസ് മെർട്ടൻസ്, യാനിക്ക് കരാസ്കോ, തോർഗം ഹസാർഡ്, റൊമേലു ലുക്കാക്കു, മിക്കി ബാറ്റ്ഷുയ് എന്നിങ്ങനെ ആദ്യ ഇലവനിൽ സജീവസാന്നിധ്യമായ താരങ്ങളെല്ലാം തന്നെ 29 വയസു മുതൽ 35 വയസു വരെയുള്ള കളിക്കാരാണ്. ഫുട്ബോൾ കായികപരമായും തീവ്രതയോടെ കാര്യത്തിലും വളരെയധികം മുന്നോട്ടു പോയ ഈ കാലത്ത് മറ്റുള്ള ടീമുകളുടെ വേഗതക്കും കായികശേഷിക്കും ഒപ്പം നിൽക്കാൻ ഈ താരങ്ങൾ ബുദ്ധിമുട്ടിയിരുന്നു.
ഒരു കാലത്ത് യൂറോപ്പിലെ പ്രധാന ക്ലബുകളുടെ താരങ്ങൾ ആയിരുന്നെങ്കിലും ഈ താരങ്ങളിൽ പലരും, പ്രത്യേകിച്ച് ഡിഫെൻസിവ് ലൈനിലുള്ള താരങ്ങൾ കളിക്കുന്നത് അപ്രധാനമായ ക്ളബുകളിലാണ്. ഈഡൻ ഹസാർഡ്, ബാറ്റ്ഷുയ് അടക്കം പഴയ താരങ്ങളുടെ നിഴൽ മാത്രമാണ്. ലുക്കാക്കുവിന് പരിക്ക് മൂലം ആദ്യത്തെ രണ്ടു മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായ ടീമിനെ കാലത്തിനു അനുസൃതമായി അഴിച്ചു പണിയാൻ പരിശീലകനായ റോബർട്ടോ മാർട്ടിനസ് തയ്യാറാകാതിരുന്നതും ലോകകപ്പ് പോലെ തീവ്രമായ പോരാട്ടം നടക്കുന്ന വേദിയിൽ ബെൽജിയത്തെ പുറകോട്ടു വലിച്ചു.
BREAKING: Belgium have been knocked out of the World Cup ❌
— Sky Sports Football (@SkyFootball) December 1, 2022
ഇതിനു പുറമെ താരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ബെൽജിയം ടീമിന് തിരിച്ചടിയായി. കെവിൻ ഡി ബ്രൂയ്ന്റെ വയസൻ ടീമെന്ന പരാമർശവും അതിനു വെർട്ടോഗൻ, ക്വാർട്ടുവ തുടങ്ങിയ താരങ്ങൾ നൽകിയ മറുപടിയുമെല്ലാം ടീമിലെ സൂപ്പർ താരങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാദത്തിനു ശക്തി പകരുന്നതാണ്. എന്തായാലും പുതിയൊരു പരിശീലകനെത്തി ടീമിനെ മൊത്തത്തിൽ ഉടച്ചു വാർത്ത് പുതിയൊരു ടീമിനെ സൃഷ്ടിക്കുന്നതു വരെ പഴയ പ്രതാപത്തിന്റെ നിഴലിൽ മാത്രമാകും ബെൽജിയം ടീമെന്നതിൽ യാതൊരു സംശയവുമില്ല.