ഒരൊറ്റ പകരക്കാരൻ മാറ്റിമറിച്ച മത്സരം, തോൽക്കാൻ മനസില്ലാതെ ആഫ്രിക്കൻ കരുത്തർ; ഇത് ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം

ഖത്തർ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായി മാറി സെർബിയ-കാമറൂൺ മത്സരം. തോൽക്കാൻ മനസ്സില്ലാതെ സെർബിയയും കാമറൂണും പൊരുതിയ മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു ഗോളുകൾ നേടി സമനിലയിൽ പിരിയുകയായിരുന്നു. ആദ്യം ലീഡ് നേടിയ കാമറൂൺ പിന്നീട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായി പോയതിനു ശേഷമാണ് രണ്ടു ഗോളുകൾ തിരിച്ചടിച്ചത്.
മത്സരത്തിന്റെ ഇരുപത്തിയൊമ്പതാം മിനുട്ടിലാണ് ഒരു കോർണറിൽ നിന്നും കാസ്റ്റല്ലേട്ടോയാണ് കാമറൂണിനെ മുന്നിലെത്തിച്ചത്. എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസില്ലായിരുന്നു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ പാവ്ലോവിച്ചിന്റെ ഹെഡറും മിലിങ്കോവിച് സാവിച്ചിന്റെ ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടും സെർബിയയെ മുന്നിലെത്തിച്ചു.
Serbia 3-3 Cameroon! WHAT A GAME! 🤯🔥 pic.twitter.com/HFwO4Wx565
— SPORTbible (@sportbible) November 28, 2022
രണ്ടാം പകുതിയുടെ അൻപത്തിമൂന്നാം മിനുറ്റിൽ അലക്സാണ്ടർ മിട്രോവിച്ചിലൂടെ സെർബിയ ഒരു ഗോൾ കൂടി നേടി ലീഡ് ഉയർത്തി. എന്നാൽ അവരുടെ സന്തോഷത്തിനു പത്ത് മിനുട്ടിന്റെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു. പകരക്കാരനായി ഇറങ്ങിയ വിൻസന്റ് അബൂബക്കർ അറുപത്തിമൂന്നാം മിനുട്ടിൽ മനോഹരമായൊരു ഫിനിഷിംഗിലൂടെ കാമറൂണിനായി ഒരു ഗോൾ കൂടി നേടി. ഗോൾ ആദ്യം ഓഫ്സൈഡ് വിധിച്ചെങ്കിലും പിന്നീട് വീഡിയോ റഫറി അത് തിരുത്തുകയായിരുന്നു.
Vincent Aboubakar, how dare you.
— Barstool Football (@StoolFootball) November 28, 2022
മൂന്നു മിനിറ്റിനകം കാമറൂണിന്റെ സമനില ഗോൾ വന്നു. നേരത്തെ ഗോൾ നേടിയ വിൻസന്റ് അബൂബക്കർ തന്നെയാണ് മൂന്നാമത്തെ ഗോളിനു പിന്നിലും പ്രവർത്തിച്ചത്. സെർബിയയുടെ ഓഫ്സൈഡ് ട്രാപ്പ് സമർത്ഥമായി മറികടന്ന താരം നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ പാസിൽ ബയേൺ താരം ചൂപ്പ മോട്ടിങ്ങാണ് കാമറൂണിന്റെ മൂന്നാം ഗോൾ നേടിയത്.
Vincent Aboubakar put Cameroon on his back 🤩 pic.twitter.com/GB9gryKuTT
— GOAL (@goal) November 28, 2022
സമനില ഗോൾ പിറന്നതോടെ വിജയത്തിനായി ആക്രമണം രണ്ടു ടീമുകളും ശക്തമാക്കി. സെർബിയക്കായിരുന്നു കൂടുതൽ മികച്ച അവസരങ്ങൾ ലഭിച്ചത്. എന്നാൽ കാമറൂൺ പ്രതിരോധവും ഗോൾകീപ്പറും അതിനെ സമർത്ഥമായി തടുത്തു നിർത്തി. ഇന്നത്തെ മത്സരം സമനിലയിൽ പിറഞ്ഞതോടെ ബ്രസീൽ-സ്വിറ്റ്സർലൻഡ് മത്സരം കൂടുതൽ ആവേശകരമാകും.