പ്രതീക്ഷകൾക്കുമപ്പുറം ഖത്തർ ലോകകപ്പ്, ഗ്രൂപ്പ് സ്റ്റേജിൽ വിസ്മയിപ്പിച്ച് കുഞ്ഞന്മാർ.

ഖത്തർ ലോകകപ്പിന്റെ രണ്ട് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ആകെ പ്രീ-ക്വാർട്ടർ ഫൈനലിൽ ഇടം നേടാൻ കഴിഞ്ഞത് ഫ്രാൻസിനും പോർച്ചുഗലിനും ബ്രസീലിനും മാത്രമാണ്. പ്രതീക്ഷകൾ എല്ലാം തെറ്റിച്ച ഒരു ലോകകപ്പാണ് ഇതുവരെ നമ്മൾക്ക് കാണാൻ കഴിയുന്നത്. ഒരു ടീമിനെയും എഴുതിത്തള്ളാൻ കഴിയില്ല എന്ന് തെളിയിക്കുന്ന ലോകകപ്പാണ്. ഫുട്ബോളിൽ പല കുഞ്ഞന്മാരുടെയും പ്രകടനം കണക്കിലെടുക്കുമ്പോൾ നമ്മൾ ഖത്തറിൽ കാണാൻ പോകുന്നത് വലിയ ഒരു സർപ്രൈസ് ആയിരിക്കുമെന്ന് സംശയിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

സാധാരണ ലോകകപ്പിൽ കുറച്ചധികം ടീമുകളെങ്കിലും വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാറുണ്ട്, എന്നാൽ ഇത്തവണ അതുണ്ടായില്ല എന്ന് തന്നെ അടിവരയിട്ട് ഉറപ്പിക്കാൻ കഴിയും. ആദ്യ രണ്ടു റൗണ്ട് പൂർത്തിയായപ്പോൾ രണ്ട് ടീമുകൾ മാത്രമാണ് പുറത്തുപോയത് ആതിഥേയരായ ഖത്തറും കാനഡയും. ഇരു ടീമുകളും ആദ്യ രണ്ടു റൗണ്ടിന് ശേഷം പുറത്തു പോയെങ്കിലും എതിരാളികളെ വിറപ്പിക്കുന്നതിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞു എന്നുവേണം പറയാൻ.ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് ആതിഥേയരായ ഖത്തർ രണ്ട് ഗോളിന് തോറ്റുവെങ്കിലും സെനഗലിനെതിരെ മികച്ച രീതിയിൽ കളിച്ചാണ് ഖത്തർ തോൽവി അറിഞ്ഞത്.

കാനഡയുടെ കാര്യത്തിലേക്ക് വരികയാണെങ്കിൽ 2 മത്സരങ്ങളിൽ തോൽവി പിണഞ്ഞെങ്കിലും തകർപ്പൻ പോരാട്ടവീര്യം കാഴ്ചവെക്കാൻ കഴിഞ്ഞു, 32 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ കാനഡ കളിക്കുമ്പോൾ ആരാധകരുടെ മനം കവർന്നാണ് അവർ നാട്ടിലേക്ക് മടങ്ങുന്നത്.ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തോട് തോൽവി വഴങ്ങിയെങ്കിലും മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് കാനഡ കാഴ്ചവച്ചത്, രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽവി അറിഞ്ഞെങ്കിലും മനോഹരമായ ഫുട്ബോൾ മത്സരം കാഴ്ചവെക്കാൻ അവർക്ക് കഴിഞ്ഞു.

ഈ ടൂർണമെന്റിലെ ഇതുവരെ ഏറ്റവും വലിയ തോൽവി അറിഞ്ഞത് കോസ്റ്റാറിക്കയാണ്. സ്പെയ്നിനോട് ഏഴു ഗോളിനായിരുന്നു കോസ്റ്ററിക്കയുടെ തോൽവി, എന്നാൽ രണ്ടാം മത്സരം കോസ്റ്റാറിക്ക തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. ജപ്പാനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു റൌണ്ട് 16 പ്രതീക്ഷ നിലനിർത്താനായി. ഇനിയുള്ള ജർമ്മനിക്കെതിരെയുള്ള മത്സരം ജയിച്ചാൽ കോസ്റ്റാറിക്കക്കും അടുത്ത റൗണ്ടിൽ കടക്കാം.

അട്ടിമറികളുടെ കൂടെ ലോകകപ്പായി ഇത് മാറി എന്ന് നിസംശയം പറയാം, രണ്ട് റൗണ്ട് കഴിഞ്ഞപ്പോൾ തന്നെ പല അട്ടിമറികളും സംഭവിച്ചിരിക്കുന്നു ഇനി മുന്നോട്ട് എന്തൊക്കെ അട്ടിമറികൾ നടക്കുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിവരും. അട്ടിമറിച്ചവരിൽ ഒന്നാമൻ സൗദി അറേബ്യ തന്നെയാണ് കിരീട പ്രതീക്ഷയുമായി എത്തിയ മെസ്സിയുടെ അർജന്റീനയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് അട്ടിമറിച്ച് ഫുട്ബോൾ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു.

മറ്റൊരു അട്ടിമറി എന്നു പറയാൻ കഴിയുന്നത് ജർമ്മനിയെ അട്ടിമറിച്ച ഏഷ്യൻ വമ്പൻമാരായ ജപ്പാൻ ആണ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തന്നെയായിരുന്നു ജപ്പാൻ ജർമ്മനിയെയും തകർത്തത്, മറ്റൊന്ന് ഫിഫ റാങ്കിങ്ങിൽ രണ്ടാം സ്ഥാനമുള്ള ബെൽജിയത്തെ മൊറോക്കോ അട്ടിമറിച്ചതും ഈ ലോകകപ്പിൽ വരാൻ പോകുന്നത് സർപ്രൈസ് ആയിരിക്കുമെന്ന മുന്നറിയിപ്പാണ്.