പെനാൽറ്റിയുടെ കാര്യത്തിൽ മെസിയോട് ബെറ്റ് വെച്ചു തോറ്റെന്ന് പോളണ്ട് ഗോൾകീപ്പർ ഷെസ്നി

അർജന്റീനയും പോളണ്ടും തമ്മിൽ ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനക്ക് അനുകൂലമായി വിധിച്ച പെനാൽറ്റിയുടെ കാര്യത്തിൽ മെസിയോട് ബെറ്റു വെച്ചു തോറ്റെന്ന് പോളണ്ട് ഗോൾകീപ്പർ ഷെസ്നി. പന്ത് കുത്തിയകറ്റാനുള്ള ശ്രമത്തിൽ മെസിയുടെ മുഖത്ത് ഇടിച്ചതിനെ തുടർന്നാണ് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് റഫറി പെനാൽറ്റി അനുവദിച്ചത്. റഫറി അത് പെനാൽറ്റി നൽകില്ലെന്നു പറഞ്ഞ് മെസിയോട് നൂറു യൂറോയുടെ ബെറ്റു വെച്ചെന്നും എന്നാൽ അതിൽ തോറ്റു പോയെന്നും പോളണ്ട് ഗോൾകീപ്പർ പറഞ്ഞു.
“ഞങ്ങൾ പെനാൽറ്റി നൽകുന്നതിനു മുൻപ് സംസാരിച്ചിരുന്നു. റഫറി ആ പെനാൽറ്റി നൽകില്ലെന്നു പറഞ്ഞ് മെസിയുമായി നൂറു യൂറോക്ക് ബെറ്റ് വെക്കുകയും ചെയ്തു. ഞാൻ മെസിയോട് ബെറ്റ് തോൽക്കുകയും ചെയ്തു. ലോകകപ്പിൽ ഇതൊക്കെ അനുവദിക്കുമോ എന്നെനിക്കറിയില്ല, ചിലപ്പോൾ എനിക്ക് വിലക്കു വന്നേക്കാം. എന്നാലിപ്പോൾ ഞാനത് കാര്യമാക്കുന്നില്ല.” മത്സരത്തിനു ശേഷം ടിവി2വിനോട് യുവന്റസ് ഗോൾകീപ്പർ കൂടിയായ ഷെസ്നി പറഞ്ഞു.
Wojciech Szczesny says he bet Lionel Messi $100 that VAR wouldn’t award the penalty: “I don't know if that's allowed at a World Cup, I'll probably get a ban for it now." 😂 pic.twitter.com/y834XQ1BCT
— Mirror Football (@MirrorFootball) November 30, 2022
മെസിക്ക് ബെറ്റിന്റെ പണം നൽകാൻ പോകുന്നില്ലെന്നും താരം പറഞ്ഞു. മെസിക്ക് ഇഷ്ടം പോലെ പണമുള്ളതിനാൽ നൂറു ഡോളറിനെ കുറിച്ച് താരം ആലോചിക്കാൻ പോകുന്നില്ലെന്നാണ് ഷെസ്നി പറയുന്നത്. എന്തായാലും ആ പെനാൽറ്റി ഗോളാക്കി മാറ്റാൻ മെസിക്ക് കഴിഞ്ഞില്ല. മെസിയുടെ കിക്ക് പോളണ്ട് കീപ്പർ മനോഹരമായി തടുത്തിട്ടു. ഈ ലോകകപ്പിൽ ഷെസ്നിയുടെ രണ്ടാമത്തെ പെനാൽറ്റി സേവായിരുന്നു അത്.